K e r a l P r i s o n s

തടവുകാരുടെ പൂര്‍ണ്ണ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനായി കേരളാ ജയിലുകളും സംശുദ്ധീകരണ സാന്മാർഗിക സേവനങ്ങളും (നിര്‍വ്വഹണം) ആക്ടിലും, ചട്ടങ്ങളിലും തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ അക്ഷരം പ്രതി നടപ്പിൽ വരുത്തിയിട്ടുണ്ട്. തടവുകാരില്‍ സംശുദ്ധീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിനായി വിവിധ പരിവര്‍ത്തന പ്രക്രിയ പല ഘട്ടങ്ങളിലായി നല്‍കി വരുന്നു. ഭൂരിപക്ഷവും വിവിധ തെറാപ്പികളെ ആസ്പദമാക്കിയാണ് നടപ്പിലാക്കുന്നത്‌¸ കേരള പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പ് കാലാനുസൃതമായ മാറ്റങ്ങൾ ഉള്‍ക്കൊണ്ടു കൊണ്ട് അതനുസരിച്ചുളള മാറ്റങ്ങൾ വരുത്തി പ്രവര്‍ത്തിച്ചു വരുന്നു.

ശാരീരിക ആരോഗ്യം അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ ഉടനടി നൽകുന്നതിനുള്ള സാഹചര്യം വകുപ്പ് തലത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമുകളിൽ കിടത്തി ചികിൽസിക്കാൻ സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്കുകൾ പ്രവർത്തിച്ചുവരുന്നു. സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമുകളിലും ഓപ്പൺ പ്രിസൺ & കറക്ഷണൽ ഹോമുകളിലും ഹൈ സെക്യൂരിറ്റി പ്രിസണിലും പ്രധാന ജില്ലാ ജയിലുകളിലും ഡോക്ടർമാരുടെയും, പാരാമെഡിക്കൽ സ്റ്റാഫിന്റേയും സേവനം ലഭ്യമാണ്. തടവുകാർക്ക് ചികിത്സ നൽകുന്നതിനായി ജയിൽ ആശുപത്രികളിലും അവ ഇല്ലാത്ത ജയിലുകളിൽ അടുത്തുള്ള സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും വിദഗ്ധ ചികിത്സക്കായി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും അയച്ച് ചികിത്സ മുടക്കം കൂടാതെ നൽകി വരുന്നു. അസ്ഥി-നേത്ര-ദന്ത-ചർമ്മ-നാഡി രോഗ ചികിത്സാ ക്യാമ്പുകൾ ജയിലിനുളളിൽ സംഘടിപ്പിക്കാറുണ്ട്. ആയൂർവേദം, ഹോമിയോപ്പതി എന്നീ വിവിധ ചികിത്സാ രീതികളും തടവുകാർക്ക് ആവശ്യാനുസരണം ജയിലിൽ ലഭ്യമാക്കാറുണ്ട്.
മാനസ്സികാരോഗ്യം സൈക്കോ തെറാപ്പി, കൗൺസിലിങ് എന്നിവ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനായി നൽകി വരുന്നു. മാനസികോല്ലാസത്തിനായി ബ്ലോക്കുകളിൽ എഫ്.എം റേഡിയോ, ടെലിവിഷൻ എന്നിവ ആസ്വദിക്കുന്നതിനുള്ള സൗകര്യവും, കാരംസ്, ചെസ്സ് പോലുള്ള ഇൻഡോർ ഗെയിമുകൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മയക്ക് മരുന്ന് കേസ്സുകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ലഹരി വിമുക്ത ബോധവൽകരണവും, മറ്റ് പ്രത്യേക ക്ലാസ്സുകളും തടവുകാർക്ക് നൽകി വരുന്നു. മാജിക് തെറാപ്പി, ആർട്ട് തെറാപ്പി എന്നീ തെറ്റു തിരുത്തൽ രീതികൾ തടവുകാർക്ക് പതിവായി നൽകുന്നുണ്ട്. വ്യക്തിത്വ വികസന പരിപാടികളും നടത്തി വരുന്നു.
ആത്മീയാരോഗ്യം മതപരമായ പ്രാർത്ഥന, യോഗ, ധാർമ്മിക ക്ലാസ്സുകൾ എന്നിവ നൽകി വരുന്നു. വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍ക്ക് അവരവരുടെ മതവിശ്വാസത്തില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യം ജയിലുകളില്‍ ഒരുക്കിയിട്ടുണ്ട്. മതപരമായ പ്രാര്‍ത്ഥനായോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എന്‍.ജി.ഒ.മാരുടെ സേവനം ജയിലുകളില്‍ മതിയായ പരിശോധനയ്ക്കുശേഷം അനുവദിക്കുന്നുണ്ട്.
സാമൂഹ്യ നീതി കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹ്യത്തുക്കള്‍, അഭിഭാഷകർ എന്നിവരുമായി നേരിട്ടും, ഇ-മുലാഖാത്ത്, വാട്‍സ്ആപ്പ് എന്നിവ വഴി വീഡിയോ കോൺഫെറെൻസിങ് മുഖേനയും കൂടിക്കാഴ്ച നടത്തുന്നതിനുള്ള സൗകര്യവും, കൂടാതെ ടെലിഫോണ്‍ സൗകര്യവും, കത്തിടപാടുകള്‍ നടത്താനുളള സൗകര്യവും അനുവദിക്കാറുണ്ട്. സമൂഹവുമായി കൂടുതല്‍ ഇടപഴകുന്നതിനായി വിവിധ തരം അവധികള്‍ അനുവദിക്കാറുണ്ട്.
തൊഴില്‍ എല്ലാ ജയിലുകളിലും സ്ഥല സൗകര്യമനുസരിച്ചു തടവുകാർക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി വരുന്നു. ഭക്ഷണ നിര്‍മ്മാണ യൂണിറ്റ്,ബേക്കറി യൂണിറ്റ്, അച്ചാര്‍ യുൂണിറ്റ്‌, ആശാരിപ്പണി, കൊത്തപ്പണി, കൊല്ലപ്പണി, നെയ്ത്ത്, തയ്യല്‍, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, ചപ്പല്‍ നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഫിനോയില്‍ നിര്‍മ്മാണം, അറക്കവാൾ ഉപയോഗം, പുസ്തക ബൈൻഡിംങ്, അച്ചടി, പട്ടുനൂൽക്യഷി, തേനീച്ച വളർത്തൽ, ആട് - പശു വളര്‍ത്തല്‍, മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, പച്ചക്കറി കൃഷി, കുട നിർമ്മാണം, നെറ്റിപ്പട്ടനിർമ്മാണം, ചെടിച്ചട്ടിനിർമ്മാണം, എൽ.ഇ.ഡി. ബൾബ് നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ തടവുകാരുടെ സേവനം വിനിയോഗിക്കുന്നു. കൂടുതൽ സ്ഥലം ലഭ്യമായിട്ടുളള ഓപ്പൺ പ്രിസണുകളിൽ ക്യഷി, പശു-ആട്-എരുമ-പന്നി-മുയല്‍ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, മത്സ്യകൃഷി, പച്ചക്കറി കൃഷി, ഔഷധസസ്യ കൃഷി, റബ്ബർ ടാപ്പിംഗ്, റബ്ബര്‍ നഴ്‌സറി, പൗൾട്രി ഫാം, തേനീച്ച വളർത്തൽ, ഫലവൃക്ഷതൈ ഉത്പാദനം, വെട്ടുകല്ല്‌ നിർമ്മാണം, എന്നിവയിൽ തൊഴിലധിഷ്ഠിത പരിശീലനം നൽകി വരുന്നു. കാർഷിക മേഖലയിലെ വിവിധ കൃഷി രീതികളിലുള്ള പരിശീലനം തടവുകാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്നതിനു വളരെയധികം പ്രയോജനപ്പെടുന്നു.
വിദ്യാഭ്യാസ/ബൗദ്ധിക സേവനം ജയിലുകളിൽ പ്രവേശിക്കപ്പെടുന്ന എല്ലാ തടവുകാർക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് പ്രധാനപ്പെട്ട ജയിലുകളിൽ സ്കൂൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളുകളിൽ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ്. ജയിലുകളിൽ പുസ്തകശാല, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്‌കൂള്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, പോളി ടെക്‌നിക്, കേരള യൂണിവേഴ്‌സിറ്റി തുടര്‍ വിദ്യാഭ്യാസ പദ്ധതി എന്നിവയുടെ പഠന കേന്ദ്രങ്ങള്‍ ജയിലുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാന സാക്ഷരതാമിഷൻ്റെ പഠനകേന്ദ്രം പ്രധാനപ്പെട്ട ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരക്ഷരരായ തടവുകാരെ സാക്ഷരരാക്കുന്നതിനായി സാക്ഷരതാ ക്ലാസുകളും, 4-ാംതരം, 7-ാം തരം, 10-ാം തരം, +1, +2 തുല്യതാക്ലാസുകളും നടത്തിവരുന്നു. കൂടാതെ ഇഗ്‌നോയുടെ സ്റ്റഡിസെന്ററുകളും പ്രധാന ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി തടവുകാര്‍ക്ക് ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ കോഴ്‌സുകളിലും ചേര്‍ന്ന് പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ തടവുകാരുടെ ലേഖനങ്ങള്‍, കവിതകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതിനുളള സൗകര്യം നല്‍കി വരുന്നു. തടവുകാരുടെ കലാശേഷി പരിപോഷിപ്പിക്കുതിനായി ജയിലുകളില്‍ കൈഎഴുത്തുമാസികകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
സാംസ്‌കാരിക സേവനങ്ങൾ പ്രധാനപ്പെട്ട 10 ആഘോഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യ അന്തേവാസികൾക്ക് നൽകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാംസ്‌കാരിക ബോധവും, പരസ്പര സഹകരണ മനോഭാവവും വളർത്തുന്നതിനായി കലാ-കായിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ജയിൽ ക്ഷേമദിനാഘോഷം നടത്തുകയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിക്കുന്ന അന്തേവാസികൾക്ക് സമ്മാനങ്ങളും അംഗീകാരങ്ങളും നൽകി വരുന്നു. അന്തേവാസികളിൽ ക്രീയാത്മക മനോഭാവം വളർത്തിയെടുക്കുന്നതിനായി ഫ്രീഡം മെലഡി, മ്യൂസിക് ബാൻഡ് എന്നീ പേരുകളിൽ എഫ്.എം റേഡിയോ സ്‌റ്റേഷനുകൾ ചില ജയിലുകളിൽ ആരംഭിച്ചിട്ടുണ്ട്.
നിയമ സഹായം ജയിലുകളിൽ കഴിയുന്ന എല്ലാ അന്തേവാസികൾക്കും നിയമസഹായം ജയിൽ വകുപ്പ് ഉറപ്പ് വരുത്തുന്നു. ദേശീയ നിയമ സഹായ സമിതിയുടെ കീഴിൽ സംസ്ഥാന-ജില്ലാ-താലൂക്ക് നിയമ സഹായ സമിതിയുടെ നേത്യത്വത്തിൽ അന്തേവാസികൾക്ക് സൗജന്യ നിയമ സഹായം, നിയമ ബോധവൽകരണ പരിപാടികൾ, വിവധ നിയമ വിഷയങ്ങളിൽ ക്ലാസ്സുകള്‍ എന്നിവ നൽകി വരുന്നു. സ്വന്തമായി അഭിഭാഷകനെ ഏർപ്പാടാക്കുവാൻ കഴിയാത്തവർക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി സൗജന്യമായി അഭിഭാഷകനെ നിയോഗിച്ചു നൽകുന്നുണ്ട്. എല്ലാ ജയിലുകളിലും അന്തേവാസികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി അഭിഭാഷകൻ്റെയും പാരാ ലീഗൽ വാളന്റിയറിൻ്റെയും സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്
ലയ്‌സൺ സേവനങ്ങൾ സാമൂഹ്യ നീതി വകുപ്പ്, വനിതാ-ശിശു ക്ഷേമ വകുപ്പ്, വനിതാ കമ്മീഷൻ, തുടങ്ങിയവയുമായി സഹകരിച്ച് അന്തേവാസികൾക്ക് വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് ശിക്ഷാതടവുകാരുടെ മക്കൾക്ക് വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. നഴ്സറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികള്‍ മുതൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവര്‍ക്ക് വരെ വര്‍ഷത്തില്‍ 3000 രൂപ മുതൽ 1 ലക്ഷം രൂപ വരെ നൽകി വരുന്നുണ്ട്. ശിക്ഷാതടവുകാരുടെ ആശ്രിതർക്ക് സ്വയം തൊഴില്‍ ധനസഹായപദ്ധതിയില്‍പെടുത്തി 15000 രൂപയും തടവുകാരുടെ പെണ്‍മക്കളുടെ വിവാഹധനസഹായ പദ്ധതിയില്‍പ്പെടുത്തി 30000 രൂപയും കൂടാതെ മുന്‍കുറ്റവാളികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ധനസഹായമായി 15000 രൂപയും സാമൂഹ്യ നീതി വകുപ്പ് മുഖേന നൽകിവരുന്നു.
RegionMasterScripts