K e r a l P r i s o n s

ആമുഖം

പഴയകാലങ്ങളിൽ തടവുകാരുടെ പരിപാലനം എന്നത് അവർ ഏർപ്പെട്ടിട്ടുള്ള കുറ്റക്യത്യങ്ങൾക്ക് തുല്യമായ ശിക്ഷ പ്രതികാര ഭാവേന മടക്കിക്കൊടുക്കുക, സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക തുടങ്ങിയ ഭയപ്പെടുത്തുന്ന ശിക്ഷാരീതികളായിരുന്നു അവലംബിച്ചിരുന്നത്. കാലക്രമേണ ഈ സമീപനത്തിൽ നിന്നും മാറി ആധുനിക രീതികളായ സുരക്ഷ, തിരുത്തൽ, മാനസ്സാന്തരം, ക്ഷേമം, പുനരധിവാസം, സമൂഹ പുനഃപ്രവേശം എന്നീ ചികിത്സാരീതിയിലേക്ക് മാറിയിട്ടുണ്ട്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിടുന്നതിനുമായി ”കേരളാ പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ് (മാനേജ്‌മെൻറ്) ആക്ട്, 2010” എന്ന നിയമം രൂപീകരിക്കപ്പെട്ടു.

ഉദ്യേശ്യവും ലക്ഷ്യവും

ജയിൽ വകുപ്പിൻ്റെ അടിസ്ഥാന കടമയും ഉത്തരവാദിത്തവും ജയിലുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാ വ്യക്തികളെയും സുരക്ഷിതമായി കസ്റ്റഡിയിൽ സൂക്ഷിക്കുക എന്നതാണ്. ജയിലിൽ പ്രവേശിപ്പിച്ചിരിക്കുന്ന എല്ലാവർക്കും ശുചിത്വമുള്ള ജീവിത സാഹചര്യങ്ങൾ, മതിയായ ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ നിയമത്തിൽ വിഭാവനം ചെയ്യുന്നു. ഫലപ്രദമായ തൊഴിൽ പരിശീലനം ഉൾപ്പെടെ തടവുകാരുടെ തെറ്റുതിരുത്തൽ, നവീകരണം, പുനരധിവാസം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ജയില്‍ വകുപ്പിൻ്റെ പരിശ്രമം.

ദൗത്യം

തടവുകാരുടെ സുരക്ഷ, തെറ്റു തിരുത്തൽ, മാനസ്സിക പരിവര്‍ത്തനം, പുനരധിവാസം എന്നിവ യാഥാര്‍ത്ഥ്യമാക്കി അവരെ സ്വയംപര്യാപ്തരായി സമൂഹത്തിലേക്ക് മടക്കി അയയ്ക്കുക എന്നതാണ് ജയിൽ വകുപ്പിൻ്റെ ദൗത്യം.

സേവനങ്ങള്‍

  • ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കുക
  • തെറ്റ് തിരുത്തൽ പ്രക്രിയകള്‍ക്ക് തടവുകാരെ വിധേയരാക്കി അവരിൽ മാനസ്സാന്തരം വരുത്തി സമൂഹത്തിൽ നല്ല പൗരന്മാരായി ജീവിക്കുന്നതിന് സജ്ജരാക്കുക
  • തടവുകാര്‍ക്ക് ആവശ്യമായ ആഹാരം, വസ്ത്രങ്ങള്‍, താമസസൗകര്യം തുടങ്ങിയ ദൈനംദിന ജീവിതത്തില്‍ ആത്യാവശ്യമായ കാര്യങ്ങള്‍ നല്‍കുക കൂടാതെ അസുഖമുളള തടവുകാര്‍ക്ക് ആവശ്യമായ വൈദ്യസഹായവും ശ്രദ്ധയും തടസ്സം കൂടാതെ നല്‍കുക
  • ആരോഗ്യപരമായ സാമൂഹിക കാഴ്ച്ചപ്പാട് വളർത്തിയെടുക്കുന്നതിന് നടപടികൾ സ്വീകരിക്കുക
  • കഠിനമായ തടവിന് ശിക്ഷിക്കപ്പെടുന്ന തടവുകാരെ തൊഴിലിൽ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, അവർക്ക് തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക
  • തടവുകാരുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ ഉന്നമനത്തിനായി നടപടികൾ കൈക്കൊള്ളുക
  • തടവുകാരുടെ സ്വഭാവ ഗുണം, മനോഭാവം എന്നിവ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസപരവും മറ്റുമുളള സൗകര്യങ്ങൾ നൽകുക
  • നിശ്ചിത തീയതിയിൽ ജയിൽ മോചിതരാക്കുക
  • ജയിലിൽ അച്ചടക്കം പാലിക്കുന്നതിനും, തടവുകാരുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പു വരുത്തുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുക
RegionMasterScripts