K e r a l P r i s o n s

3 തരം അവധികളാണ് അന്തേവാസികള്‍ക്ക് അനുവദിക്കുന്നത്‌

 • സാധാരണ അവധി
 • അടിയന്തിര അവധി
 • ഹോം ലീവ്‌ (തുറന്ന ജയിലിലെ അന്തേവാസികള്‍ക്ക് മാത്രം)
ലീവിനുളള യോഗ്യതകള്‍:-
സാധാരണ അവധി

ഒരു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിച്ച നല്ല സ്വഭാവമുളള തടവുകാര്‍ അവരുടെ ശിക്ഷാ കാലയളവിൻ്റെ മൂന്നിലൊന്നോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ ഇതില്‍ കുറവേതാണോ അത്‌ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ സാധാരണ അവധിക്ക്‌ അര്‍ഹനാണ്.

കലണ്ടര്‍ വര്‍ഷത്തില്‍ ഒരു തടവുകാരന് 60 ദിവസത്തെ സാധാരണ അവധിയ്ക്ക് അര്‍ഹതയുണ്ട്. ഒരു വര്‍ഷത്തില്‍ 4 തവണ ഈ ലീവ് അനുവദിക്കാവുന്നതാണ് എന്നാല്‍ തുറന്ന ജയിലിലെ തടവുകാര്‍ക്ക് ഗാര്‍ഹിക അവധി ഉള്‍പ്പെടെ 5 തവണ അവധി അനുവദിക്കാവുന്നതാണ്‌. ഒരു തവണ അവധിയുടെ കാലയളവ് 15 ദിവസത്തില്‍ കുറവോ 30 ദിവസത്തില്‍ അധികമോ ആയിരിക്കരുത്.

പോലീസ് സൂപ്രണ്ടിൻ്റെയും, പ്രൊബേഷന്‍ ഓഫീസറുടേയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തടവുകാരനെ സാധാരണ അവധിക്ക് വിടുതല്‍ ചെയ്യുന്നത്.

ആദ്യത്തെ സാധാരണ അവധി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്‌ & കറക്ഷണല്‍ സര്‍വ്വീസസും, തുടര്‍ന്നുളള അവധികള്‍ ജയില്‍ സൂപ്രണ്ടുമാണ് അനുവദിക്കുന്നത്.

അടിയന്തിര അവധി

നല്ല സ്വഭാവമുളള ഏത് തടവുകാരനും അടിയന്തിര അവധിയ്ക്ക് അര്‍ഹനാണ്. ജയില്‍ സൂപ്രണ്ടിന് 10 ദിവസം വരെയും, ജയില്‍ ഡി.ജി.പി യ്ക്ക് സൂപ്രണ്ട് അനുവദിച്ച ലീവ് ഉള്‍പ്പെടെ 15 ദിവസം വരേയും, സര്‍ക്കാറിന് ഒരു പ്രാവശ്യം 15 ദിവസം വരെ എന്ന കണക്കിൽ അടിയന്തിര അവധി ദീർഘിപ്പിച്ചു നൽകാവുന്നതാണ്. സര്‍ക്കാറിന് അടിയന്തിര അവധി പരമാവധി ദീർഘിപ്പിച്ചു നൽകാവുന്ന കാലയളവ്‌ 45 ദിവസം വരെയാണ്.

താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അടിയന്തിര അവധി അനുവദിക്കാവുന്നതാണ്

അവധിക്കുളള യോഗ്യത:-

ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരന് ഒഴികെ നല്ല സ്വഭാവം ഉളള തടവുകാരനു താഴെപ്പറയുന്ന അസാധാരണമായ സാഹചര്യങ്ങളില്‍ അടിയന്തിര അവധി അനുവദിക്കാവുന്നതാണ്.

 • പിതാവ്, മാതാവ്, മകൻ, മകൾ, ഭാര്യ, ഭർത്താവ്, സഹോദരൻ, സഹോദരി, അര്‍ദ്ധ സഹോദരി/സഹോദരന്‍, പൗത്രന്‍, പൗത്രി, പിതാ/മാതാ മഹി, പിതാ/മാതാ മഹൻ, ഭാര്യാ പിതാവ്/മാതാവ്, ഭര്‍ത്തൃ പിതാവ്/മാതാവ്, മരുമകന്‍/മരുമകള്‍, മാതൃ സഹോദരന്‍/സഹോദരി, പിതൃ സഹോദരന്‍/സഹോദരി, ഭാര്യ-ഭര്‍ത്തൃ സഹോദരന്‍/സഹോദരി, അനന്തിരവന്‍, അനന്തിരവള്‍ എന്നിവരുടെ മരണം അല്ലെങ്കിൽ അത്യാസന്ന രോഗാവസ്ഥ.
 • മകൻ, മകൾ, സഹോദരൻ, സഹോദരി, പൗത്രന്‍, പൗത്രി, ഭാര്യ-ഭര്‍ത്തൃ സഹോദരന്‍/സഹോദരി, നേര്‍ അനന്തിരവന്‍/അനന്തിരവള്‍ എന്നിവരുടെ വിവാഹം.
 • താമസിക്കുന്ന കെട്ടിടം ഭാഗികമായോ പൂര്‍ണ്ണമായോ തകരുക.

ഇനിപ്പറയുന്ന വിഭാഗത്തിലുള്ള തടവുകാരെ അവധിയിൽ വിട്ടയക്കാൻ യോഗ്യരല്ല, അതായത്

 • പതിവ് കുറ്റവാളികളായി തരം തിരിക്കപ്പെട്ടവര്‍.
 • ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയില്‍ വകുപ്പ്‌ 392 മുതൽ 402 വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാര്‍.

  കുറിപ്പ്:- എന്നാല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരന്‍ മേല്‍ പറഞ്ഞ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത ശിക്ഷാ കാലം കഴിഞ്ഞതിന് ശേഷം അവധി അനുവദിക്കാവുന്നതാണ്‌.
 • അപകടകാരികളായി കണക്കാക്കപ്പെട്ടിട്ടുളള തടവുകാരും ഗുരുതരമായ ജയില്‍ നിയമ ലംഘനങ്ങളായ കൈയ്യേറ്റം, ലഹള, കലാപം, തടവുചാടല്‍, ഗുരുതരമായ ചട്ടലംഘനത്തിനുളള ദുഷ്‌പ്രേരണ, പ്രക്ഷോഭം മുതലായവയും അതുപോലെയുളളതിലും ഉള്‍പ്പെട്ടിട്ടുളളവരും.
 • മാനസികരോഗാവസ്ഥ ഉളളവരും, പകര്‍ച്ച വ്യാധി ഉളളവരും.
ഹോം ലീവ് (ഗാര്‍ഹികാവധി)

തുറന്ന ജയിലിലെ സൽസ്വഭാവമുള്ള തടവുകാരന്‌ ഒരു വർഷം യഥാർത്ഥ തടവ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്‌ തടവുകാരൻ്റെ കുടുംബാന്തരീക്ഷത്തെക്കുറിച്ച് ബന്ധപ്പെട്ട പ്രൊബേഷൻ ഓഫീസർമാരിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹികാവധിക്ക്‌ അര്‍ഹതയുണ്ടായിരിക്കും.

ഒരു തവണ അനുവദിക്കാവുന്ന ഗാര്‍ഹികാവധി പരമാവധി 15 ദിവസവും ഗാര്‍ഹികാവധിയില്‍ ഒരു തവണ വിടുല്‍ ചെയ്യപ്പെട്ട തടവുകാരന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം മുതല്‍ ഒരു വര്‍ഷം വരെയുളള യഥാര്‍ത്ഥ ശിക്ഷയ്ക്ക് ശേഷം മാത്രമെ തുടര്‍ന്ന് അതേ അവധി അനുവദിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

അകമ്പടി സന്ദര്‍ശനം

അടിയന്തര അവധിക്ക് അർഹതയില്ലാത്ത തടവുകാര്‍ക്ക്‌, പോലീസ്‌ അകമ്പടിയില്‍ യാത്രാ സമയം ഒഴിച്ചുള്ള 24 മണിക്കൂർ നേരത്തേയ്ക്ക് അകമ്പടി സന്ദര്‍ശനാനുമതിയ്ക്ക് അര്‍ഹനാണ്‌

RegionMasterScripts