സംസ്ഥാനത്തെ ജയിലുകളില്‍ ജയില്‍ നിയമങ്ങള്‍ക്കനുസ്യതമായി തടവുകാർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് വളരെ സുസജ്ജമായ സംവിധാനം നിലവിലുണ്ട്. പണ്ട് കാലങ്ങളില്‍ അതിരാവിലെ 2 മണിയ്ക്ക് ആരംഭിക്കുന്ന പാചകജോലികള്‍ 5 മണിവരെ നീണ്ടു നിന്നിരുന്നു. അക്കാലത്ത് എല്ലാ ജോലികളും പരമ്പരാഗതമായ രീതിയില്‍ യന്ത്രസഹായമില്ലാതെ ആയിരുന്നു ചെയ്ത് വന്നിരുന്നത്. 2010 ഓടു കൂടി അടുക്കളകള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നവീകരിക്കുവാന്‍ ആരംഭിച്ചു. ഇത് ധാരാളം സമയവും, അദ്ധ്വാനവും ലാഭിക്കുന്നതിന് സഹായിച്ചു. വളരെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുവന്ന പരിചയവും, ആധുനിക യന്ത്ര സംവിധാനങ്ങളുടെ ഉപയോഗവും വലിയ വാണിജ്യരീതിയിലുളള ഭക്ഷണ വിതരണം ഏറ്റെടുത്ത് നടത്തുന്നതിന് ആത്മവിശ്വാസം നല്‍കി. ആ സമയത്ത് ഹോട്ടലുകളും, റെസ്റ്റോറന്റുകളും, വഴിയോര തട്ടുകടകളും അമിതമായ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. ആകയാല്‍ മിതമായ നിരക്കിലുളള നിലവാരമുളള ഭക്ഷണത്തിന് നല്ല ആവശ്യക്കാരുണ്ടായിരുന്നു. ഈ അവശ്യത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ & കറക്ഷണല്‍ ഹോമില്‍ 2011 ൽ ഫ്രീഡം ഫുഡ് മേക്കിങ് യൂണിറ്റ് ആരംഭിച്ചു. തുടക്കത്തില്‍ ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, മുട്ടക്കറി എന്നീ വിഭവങ്ങളാണ് ഉണ്ടാക്കാനാരംഭിച്ചത്. രുചികരവും, നിലവാരവുമുള്ളതുമായ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭത്തിന് പൊതുജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അവരുടെ പിന്തുണയും, പ്രോത്സാഹനവും ഇത്തരം യൂണിറ്റുകള്‍ മറ്റ് ജയിലുകളില്‍കൂടി ആരംഭിക്കുന്നതിന് പ്രചോദനം നല്‍കുകയും ചെയ്തു. അവയും വിജയകരമായതിനെത്തുടര്‍ന്ന് സ്‌നാക്ക്‌സ്, ബേക്കറി ഉല്‍പന്നങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. നിലവില്‍ ഇത്തരം യൂണിറ്റുകള്‍ താഴെ പറയുന്ന ജയിലുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.