K e r a l P r i s o n s

നവീകരണത്തിനും പുനരധിവാസത്തിനും ഊന്നല്‍ നല്‍കി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ആദ്യം തൊഴിൽ പരിശീലനം നൽകുകയും മതിയായ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാൽ അവരുടെ സേവനങ്ങൾ മരപ്പണി, ടെയ്‌ലറിങ് , ബ്ലാക്ക് സ്മിത്തി, നെയ്ത്ത്, ഷൂ നിർമ്മാണം മുതലായവയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ യൂണിറ്റുകളെ കാലാനുസൃതമായി നവീകരിക്കുകയും, അന്തേവാസികൾക്ക് കേരള സർവകലാശാല, പോളിടെക്നിക്, സന്നദ്ധരായ എൻ.‌ജി‌.ഒ.കൾ‌ എന്നിവയുടെ സഹായത്തോടെ സാങ്കേതിക ക്ലാസുകൾ‌ കൃത്യമായ ഇടവേളകളിൽ നൽകി വരികയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമുകളില്‍ ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. സെൻട്രൽ ജയിലുകളിലെ മാനുഫാക്ടറി യൂണിറ്റുകൾക്ക് പുറമെ മറ്റെല്ലാ ജയിലുകളിലും കുറഞ്ഞത് 2 നിർമ്മാണ യൂണിറ്റുകൾ എങ്കിലും പ്രവർത്തിച്ചു വരുന്നുണ്ട്.

വിവിധ നിർമ്മാണ യൂണിറ്റുകൾ

(i) മരപ്പണി യൂണിറ്റ്

മരപ്പണി യൂണിറ്റിലെ തടവുകാർക്ക് പരിശീലനം നൽകുന്നതിന് കാര്‍പെന്‍ട്രി ഫോര്‍മാൻ, കാര്‍പെന്‍ട്രി ഇന്‍സ്ട്രക്ടർ എന്നീ സ്ഥിരം ജീവനക്കാരുടെ സേവനം ലഭ്യമാണ്. വളരെ ഗുണനിലവാരമുള്ള തടികൾ ഉപയോഗിച്ച് ഫർണിച്ചറുകൾ ഈ യൂണിറ്റിൽ നിർമിക്കുന്നു. ഇവിടെ ശരാശരി 50 തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കണ്ണൂർ എന്നീ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമുകളിലും, നെട്ടുകാൽത്തേരി ഓപ്പൺ പ്രിസൺ & കറക്ഷണൽ ഹോമിലും മരപ്പണി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കായുള്ള തടി ഫര്‍ണിച്ചറുകള്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്നു. ആധുനിക തരം ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കുന്നതിന് അനുസൃതമായ രീതിയിൽ പ്രസ്തുത യൂണിറ്റുകള്‍ നവീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ ഫർണിച്ചറുകൾ ഓർഡർ അനുസരിച്ച്‌ ഇവിടെ നിന്നും നിർമ്മിച്ച് നൽകി വരുന്നു.

(ii) സ്മിത്തി യൂണിറ്റ്

സ്മിത്തി യൂണിറ്റിലെ തടവുകാര്‍ക്ക് പരിശീലനം നൽകുന്നതിന് സ്മിത്തി ഇൻസ്ട്രക്ടർ എന്ന സ്ഥിരം ജീവനക്കാരൻ്റെ സേവനം ലഭ്യമാണ്. ശരാശരി 20 തടവുകാർക്ക് ഇവിടെ പരിശീലനം നൽകുന്നു. ഉൽ‌പ്പന്നങ്ങൾ‌ പ്രധാനമായും ജയിലുകളിൽ‌ ഉപയോഗിക്കുന്നുവെങ്കിലും അവ പൊതുജനങ്ങൾ‌ക്കും മിതമായ നിരക്കില്‍ ലഭ്യമാണ്. തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമുകളില്‍ ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ കാർഷികോപകരണങ്ങൾ ഓർഡർ അനുസരിച്ച്‌ ഇവിടെ നിന്നും നിർമ്മിച്ച് നൽകി വരുന്നു.

(iii) നെയ്ത്ത് യൂണിറ്റ്

നെയ്ത്ത് യൂണിറ്റിലെ തടവുകാർക്ക് പരിശീലനം നൽകുന്നതിന് വീവിങ് ഇൻസ്ട്രക്ടർ, വീവര്‍, വീവിങ് അസിസ്റ്റന്റ് എന്നീ സ്ഥിരംജീവനക്കാരുടെ സേവനം ലഭ്യമാണ്. ശരാശരി 50 തടവുകാർക്ക് ഇവിടെ പരിശീലനം നൽകുന്നു. ടെയ്‌ലറിങ് യൂണിറ്റിലേയ്ക്ക്‌ ആവശ്യമായ മെറ്റീരിയലുകൾ ഇവിടെയാണ്‌ നിർമ്മിക്കുന്നത്. തടവുകാരുടെ ഉപയോഗത്തിനായി ബെഡ് ഷീറ്റുകൾ/ജമുക്കാളം, മുണ്ടുകള്‍ തുടങ്ങിയവ ഇവിടെ നിർമ്മിക്കുന്നു. അതുപോലെ ഈ യൂണിറ്റിൽ നിർമ്മിച്ച ടവലുകൾ, H.C ടവലുകൾ, ബെഡ് ഷീറ്റുകൾ, മെത്തകള്‍ തുടങ്ങിയവ പൊതുജനങ്ങൾക്ക് ന്യായമായ നിരക്കിൽ വിൽക്കുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമുകളില്‍ ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

(iv) സോപ്പ് നിർമ്മാണ യൂണിറ്റ്

തിരുവനന്തപുരം സെൻട്രൽ പ്രിസണിൽ ആണ് സോപ്പ് നിർമ്മാണ യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. സംസ്ഥാനത്തെ ജയിലുകൾക്കു ആവശ്യമായ സോപ്പ്, ഫിനോയിൽ എന്നിവ ഇവിടെ നിന്നാണ് നിർമ്മിച്ച് വിതരണം ചെയ്യുന്നത്. ഈ യൂണിറ്റിൽ ശരാശരി 20 തടവുകാർ ജോലി ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സോപ്പിൻ്റെയും, ഫിനോയിലിൻ്റെയും നിർമ്മാണം പ്രോത്സാഹിപ്പിച്ചു വരുന്നു. ഇവിടെ നിന്നും പ്രീമിയം സോപ്പ് ഉൽപ്പന്നങ്ങൾ നിർമിച്ചു പൊതുജങ്ങൾക്ക് വിൽക്കുന്നു.

(v) പേപ്പർ ബാഗ് യൂണിറ്റ്

ശരാശരി 25 തടവുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങൾ/സ്റ്റോറുകൾ/പൊതുജനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഓർഡറുകള്‍ക്കനുസരിച്ചാണ്‌ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നല്‍കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വില്പന സ്ഥാപനങ്ങളായ ഹാൻടെക്സ്, കല്യാൺ, പാർത്ഥാസ് തുടങ്ങിയവയ്ക്ക് പേപ്പർ ബാഗുകൾ നിർമിച്ചു നൽകി വരുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിൽ പേപ്പർ ബാഗ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

(vi) ടെയ്‌ലറിങ് യൂണിറ്റ്

ടെയ്‌ലറിങ് യൂണിറ്റിൽ തടവുകാർക്ക് പരിശീലനം നൽകുന്നതിന് ടെയ്‌ലറിങ് ഇൻസ്ട്രക്ടർ എന്ന സ്ഥിരം ജീവനക്കാരൻ്റെ സേവനം ലഭ്യമാണ്. ശരാശരി 20 തടവുകാർ അതിൽ ജോലി ചെയ്യുന്നു. തടവുകാരുടെ വസ്ത്രങ്ങൾ ഈ യൂണിറ്റിലാണ് നിർമ്മിക്കുന്നത്. കൂടാതെ, പൊതുജനങ്ങൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും ഇവിടെ നിർമ്മിക്കുകയും ഫ്രീ-ഫാഷനിസ്റ്റ യൂണിറ്റ്/സെയില്‍സ് കൗണ്ടര്‍ വഴി വിൽക്കുകയും ചെയ്യുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമുകളില്‍ ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

(vii) ബുക്ക് ബൈൻഡിംഗ് യൂണിറ്റ്

ഈ യൂണിറ്റിൽ ശരാശരി 10 തടവുകാർ ജോലി ചെയ്യുന്നു. ജയിൽ ആവശ്യത്തിനുള്ള ബൈന്‍ഡിംഗ്‌ ജോലികള്‍ ഇവിടെ ചെയ്യുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിൽ ബുക്ക് ബൈൻഡിങ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

(viii) ഓട്ടോമൊബൈൽ വർക്ഷോപ്പ് & സ്പ്രേ പെയിന്റിംഗ് യൂണിറ്റ്

ദക്ഷിണ മേഖലയിലെ ജയിൽ സ്ഥാപങ്ങളിലെ വാഹനങ്ങൾ റിപ്പയർ ചെയ്തു നൽകുന്നതിന് ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് & സ്പ്രേ പെയിന്റിംഗ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ടി യൂണിറ്റിൻ്റെ മേൽനോട്ടത്തിനായി പോളിടെക്‌നിക്‌/എഞ്ചിനീയറിംഗ് ബിരുദമുള്ള ജയിൽ ജീവനക്കാരുടെ സേവനമാണ് ഉപയോഗിച്ച് വരുന്നത്.

(ix) ചപ്പൽ നിർമാണ യൂണിറ്റ്

തിരുവനന്തപുരം സെൻട്രൽ പ്രിസൺ മാനുഫാക്‌ടറിയിൽ ഒരു ചപ്പൽ നിർമാണ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ഫ്രീഡം വാക് എന്ന പേരിൽ ഇവിടെനിന്നും നിർമിക്കുന്ന ചപ്പലുകൾ ഫ്രീ ഫാഷനിസ്റ്റാ യൂണിറ്റ് മുഖേന പൊതുജനങ്ങൾക്കായി വിൽപ്പന നടത്തുന്നു.

RegionMasterScripts